2008, ഒക്‌ടോബർ 1, ബുധനാഴ്‌ച

പെരുന്നാളില് പറന്ന മനസ്സ്..!

വസന്തത്തിന്റെ അമൂല്യമായ ദിനരാത്രങ്ങള്‍ നമ്മെ തഴുകി തലോടി കോടിയുടുപ്പിച്ച് കടന്ന് പോയി. ഇനി എന്ന് എന്ന ചിന്തയില്‍ അടുത്തകൊല്ലത്തെ വസന്തനാളും കാത്ത് വിശ്വാസികള്‍ വിടപറഞ്ഞ പുണ്യരാവിന്റെ നിവൃതിയില്‍ മനസ്സ് നിറഞ്ഞ് ഉള്ളവന്‍ ഇല്ലാത്തവന്റെ വയറ് നിറച്ച്
ചെറിയപെരുന്നാളിനെ ആവേശപൂര്‍വ്വം വരവേറ്റു.

കമ്പിത്തിരിയും മത്താപ്പ്ചക്രങ്ങളും ചെറുപൊട്ടികളും കുഞ്ഞുകോടികളണിഞ്ഞ കൊച്ചു കിടാങ്ങളെ ഹരം കൊള്ളിച്ച് മിന്നി തകര്‍ത്ത് കൊണ്ടിരിക്കെ പൊട്ടിയ അമിട്ടുകള്‍ ഭയപ്പെടുത്തിയ കിടാങ്ങളെ വാതില്പാളിക്ക് പിന്നിലൊളിച്ച് കവചം തീര്‍ത്തു. പരീക്ഷണാര്‍ത്ഥം തൊടുത്ത് വിട്ട വാണത്തിലൊന്ന് കേരവൃക്ഷത്തിന്റെ പിടലിയില്‍ തട്ടി മാനം തൊടാതെ തിരിച്ച് വന്ന് മണ്ണിലിറങ്ങി പൊട്ടിയപ്പോള്‍ സാക്ഷിയാകാന്‍ പുകയൂതുന്ന സോഡാകുപ്പിമാത്രം ബാക്കി.

ഓടിയൊളിച്ച കുട്ടികുസൃതികള്‍ തിരിച്ച് വന്ന് മത്താപ്പൂവിന്ന് തീകൊളുത്തിയപ്പോള്‍ വര്‍ണങ്ങള്‍ വിതറി ഉയര്‍ന്നുവന്ന പൊരി നാമ്പുകള്‍ കണ്ണുകളെ വിസ്‌മയത്തിലാക്കി അണഞ്ഞപ്പോഴും അണയാത്തവര്‍ണപ്പകിട്ടുകളെന്റെ കണ്ണില്‍ പൂത്തിരികത്തിക്കൊണ്ടിരുന്നു.
കയ്യില്‍ തോക്കുമേന്തി വെടിപൊട്ടിച്ച് കൊണ്ടിരുന്ന വില്ലന്റെ ഉണ്ടതീര്‍ന്നപ്പോള്‍ വിഷണ്ണനായി ഇരിക്കുന്ന ഭാവം പെരുന്നാളിന്റെ പകിട്ട് കുറയരുതെന്ന് നിര്‍ബന്ധമുള്ള മുത്തശ്ശി കോന്തലക്കെട്ടഴിച്ച് ഇരുപത് രൂപ നീട്ടിയപ്പോള്‍ തീപിടിച്ച വാണം പോലെ ഓടുന്നകാഴ്ച ഞാന്‍ നന്നായി ആസ്വദിച്ചു.

ഉലുവചേര്‍ത്ത തേങ്ങാചോറിന്റെ മണം വാസന കേന്ദ്രം തുളച്ച് കയറിയപ്പോള്‍ അടുക്കളയിലേക്ക് പോകാതിരിക്കാനെനിക്കായില്ല. ചീനചട്ടിയില്‍ നീരാട്ടാടാന്‍ കാത്തിരിക്കുന്ന പപ്പടത്തെ കയ്യിലെടുത്ത് ഞാനും പെരുന്നാള്‍ സദ്യയൊരുക്കുന്നതില്‍ പങ്ക്‍ചേര്‍ന്നു.
കേബേജും വെണ്ട മുളകില്‍ കുതിര്‍ത്തതും സവാള സുര്‍ഖയുമെല്ലാം പാകമായിട്ടുണ്ട്. പപ്പായക്കറിയിലേക്ക് ചേര്‍ക്കാനിരിക്കുന്ന അമ്മിയിലരച്ചെടുത്ത തേങ്ങ പാകമാകാന്‍ ബാക്കിയിരിക്കെ കുട്ടയില്‍ കുമിഞ്ഞ് കൂടിയ പപ്പടത്തില്‍നിന്നൊരെണ്ണമെടുത്ത് ഞാന്‍ കുസൃതികൂട്ടങ്ങളടെ അടുത്തേക്ക് ചെന്നു.
വക്ക് കടിച്ച പപ്പടത്തിനായി പൊതിഞ്ഞ് കൂടിയ കുസൃതികൈകളില്‍ തട്ടി ചില്ല്‌കൊട്ടാരം പോലെ തകര്‍ന്ന് പോയെങ്കിലും പപ്പടകുട്ടയുമായി വന്ന മുത്തശ്ശി ആ കുഞ്ഞ് കൂട്ടത്തിന്റെ കുസൃതികള്‍ കെടാതെ കാത്തു.

ഓലപ്പടക്കങ്ങള്‍ക്ക് തീകൊളുത്താന്‍ ഭയപ്പെട്ടിരുന്ന ഞാനടക്കമുള്ള മണുങ്ങൂസുകള്‍ പപ്പടം പൊട്ടിച്ച് രസിച്ച് കൊണ്ടിരിക്കുന്നതിന്നിടക്കാണ്‍ ഇളയുമ്മയുടെ മകളെത്തിയത്.
ഒക്കത്തിരുത്തിയ കൊച്ചു കിടാവിനെ മുറ്റത്തിറക്കിവെച്ച് അവളും ഞങ്ങളോടൊപ്പം ചേര്‍ന്നു. മുഖമക്കനയണിഞ്ഞ് മുക്കാല്‍ കയ്യ് ബ്ലൌസും ധരിച്ച് പാതിവയറും കാട്ടി ചെത്തിമിനുങ്ങിയ അവളെ കണ്ടമുത്തശ്ശിക്കെന്തോ ഒരു വല്ലായ്മപോലെ.. മുഖം കനപ്പിച്ച് അളന്ന് മുറിച്ച മറുപടികള്‍ കൊള്ളേണ്ടിടത്ത് കൊണ്ടപ്പോള്‍ സാരിതലപ്പ്കൊണ്ട് വയറ്മറച്ച് അവള്‍ മെല്ലെ അകത്തേക്ക് നീങ്ങി.

മുത്തശ്ശി അങ്ങിനെയാണ്.

ഇന്നത്തെ മക്കനയണിഞ്ഞ് പുറമ്പോക്ക് സഥലങ്ങള്‍ കാണിക്കുന്ന ഫാഷനൊന്നും മുത്തശ്ശിക്ക് ദഹിക്കില്ല. അത് തുറന്ന്പറയാന്‍ മടിക്കുകയുമില്ല.
“ദേഹം മറക്കാന്‍ തുണിയില്ലെങ്കിലെന്തിനാ തലമറക്കുന്നത് ?” എന്നാണ്‍ മുത്തശ്ശിയുടെ ചോദ്യം.
ഈ ചോദ്യത്തിന്ന് “കുറ്റിമുടി കാണാന്‍ ചേലുണ്ടാവൂലല്ലോ” എന്നൊരു പരിഹാസവും മുത്തശ്ശിക്കുണ്ട്.
സദ്യ വിളമ്പാന്‍ ഒരുങ്ങുമ്പോഴാണ്‍ അയല്‍‌വാസിയായ മൂസാക്കയുടെ ബീരാനളിയനും കുട്ടികളും വന്നത്.
അളിയന്‍ വന്നത് മൂസാക്കായുടെ അടുത്തേക്കാണെങ്കിലും മുത്തശ്ശിയെ കണ്ടിട്ടെ ഇഷ്ടന്‍ അങ്ങോട്ട് പോകൂ. ഇതാണ്‍ കാലങ്ങളായിട്ടുള്ള പതിവ്.

മൂസാക്ക ഒരു എക്സ് പ്രവാസിയാണ്‍ .
നാല് പെങ്ങന്മാരുടെ ആകെയുള്ള കുഞ്ഞാങ്ങള , അത് കൊണ്ട്തന്നെ തറവാടായ കൊച്ച് കൂരയുടെ ആധാരവും ബാക്കിയുള്ള ഭാരവും സ്വന്തം പിരടിയില്‍.

അവസാനത്തെ അളിയനായി വന്നയാളാണ്‍ മേല്പറഞ്ഞ ബീരാനളിയനെന്ന
“ കുലുമാലളിയന്‍ ”
കൊല്ലിയിലൊരു ഉറുമാലും
വെള്ളത്തുണിയും നീളന്‍ കയ്യുള്ള വെള്ളക്കുപ്പായവുമണിഞ്ഞ് ആദ്യത്തെ നോമ്പ് സല്‍കാരത്തിന്ന് വന്ന ദിവസം .
“ഞമ്മക്ക് പൈസകിട്ടാതെ നോമ്പ് ഞമ്മള്‍ തുറക്കൂലാ”എന്നും പറഞ്ഞ് ഉമ്മറത്ത് വിരിച്ച അച്ചിപ്പായിലിരുന്ന് കഴുത്തില്‍ കെട്ടിയ ഉറുമാലഴിച്ച് കുടഞ്ഞ് പുക്കാറുണ്ടാക്കിയപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന കാരണവരിലൊരാള്‍ “കുലുമാലുണ്ടാക്കല്ല ബീരാനെ പരിഹാരമുണ്ടാക്കാം” എന്നും പറഞ്ഞ് അകത്തേക്ക് വിളിച്ചതും കിട്ടേണ്ടത് കിട്ടിയപ്പോള്‍ നോമ്പ് മുറിച്ചതും ബീരാനളിയന്ന് കുലുമാലളിയനെന്ന ഓമനപ്പേര് വീണതും ഒരുമിച്ചായിരുന്നു.

ഇങ്ങിനെയൊക്കെയാണെങ്കിലും കുലുമാലളിയനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്.
എല്ലാവരെയും സഹായിക്കണമെന്ന മനോഭാവമുള്ള നല്ലൊരു പുയ്യാപ്ലയാണെങ്കിലും ഒരു പിരി ലൂസാണെന്നാ…ചിലരൊക്കെ പറയാ..

യുഗങ്ങള്‍ ദേശത്തിന്റെ മുക്കിലും മൂലയിലും പുരോഗമനത്തിന്റെ വെളിച്ചം വീശിയപ്പോള്‍ കുലുമാലളിയന്‍ മാത്രമായി എന്തിന്‍ മാറാതിരിക്കണം.
കട്ടിയുള്ള കാലസറായില്‍ തൂങ്ങിക്കിടക്കുന്ന വാലുകളും കുട്ടിക്കുപ്പായവും മണമുള്ള അത്തറും പൂശിവന്ന കുലുമാലളിയന്‍ മുത്തശ്ശിയോട് വിശേഷം പറഞ്ഞ് കൊണ്ടിരിക്കുകയാണ്‍ .

ഞാന്‍ അതൊന്നും ശ്രദ്ധിക്കതെ തീന്മേശക്കരികിലേക്ക് നോക്കിയിരുന്നു. വിളമ്പിവെച്ച തേങ്ങാചോറ് ചൂടാറുന്നതിന്ന് മുമ്പ്….

ഈ മുത്തശ്ശിയാണെങ്കില്‍ സംസാരിക്കാനിരുന്നാല്പിന്നെ എണീക്കില്ല.

എന്റെ അക്ഷമ കണ്ടിട്ടായിരിക്കും ഉമ്മവന്ന് മുത്തശ്ശിയെ വിളിച്ചു.
ഉത്സാഹത്തോടെ ഞാന്‍ കൈകഴുകാനായി വെയ്സിന്നടുത്തെത്തി പൈപ്പ് തിരിച്ചതും പില്ലോക്കരികില്‍ വെച്ച എന്റെ മൊബൈലില്‍ ഒരു മെസ്സേജ്‌ടൂണ്‍ വന്നതും ഒരുമിച്ചായിരുന്നു.
ഉറക്കത്തിന്റെ ആലസ്യത്തില്‍ കിടന്ന് തന്നെ ഞാന്‍ മൊബൈല്‍ കയ്യിലെടുത്തു.

അനിയത്തിയാണ്.

“പ്ലീസ് കാള്‍മീ എന്ന് മാത്രം”

ശീതികരിച്ച ഇരുട്ടുമുറിയില്‍ മൊബൈല്‍ കീപേടിലെ വെളിച്ചത്തില്‍ അനിയത്തിയുടെ നമ്പറിലേക്ക് ഞാന്‍ വിളിച്ചു.
ഡയല്‍ടൂണായി പാടിയ “കരളെ..”എന്നഗാനം പാടാന്‍ സമ്മതിക്കാതെ അവള്‍ കാള്‍ അറ്റന്റ് ചെയ്തു.
മറുതലക്കല്‍ നിന്ന് കിട്ടിയ ഹാപ്പി ഈദ്മുബാറക് പറഞ്ഞ് തീരുന്നതിന്ന് മുമ്പേ മാലപ്പടക്കത്തിന്റെ ശബ്ധം മൊബൈലിന്റെ സ്പീക്കര്‍ഡയഫ്രത്തെ തരിപ്പിച്ച് കൊണ്ട് പുറത്തേക്ക് വന്നു. അല്പനേരം കഴിഞ്ഞ് പടക്കത്തിന്റെ ശബ്ദം നിലച്ചു. പിന്നെകേട്ടത് കൂട്ടച്ചിരിയുടെ മാലപ്പടക്കത്തിന്ന് തീപിടിച്ച ശബ്ദമായിരുന്നു. ഇരുട്ട് മുറിയുടെ അന്ധകാരത്തില്‍ കാതുകളെ കൂര്‍പ്പിച്ച് ഞാന്‍ ആശബ്ദങ്ങളെ തിരിച്ചറിയാന്‍ ശ്രമിച്ചു.
മുത്തുവും , കുഞ്ഞുവും , നാണിയും , പിന്നെ നസിയും , ഹാജുവും ,സിബിയും….. ഇത്രയുമായപ്പോഴേക്കും എന്റെ പെരുവിരല്‍ മൊബൈലിന്റെ ഡിസ്കണക്ട് കീയില്‍ ഞാനറിയാതെ അമര്‍ന്നു.
മൊബൈല്‍ സ്ക്രീനില്‍ ഇരുട്ട് കയറുന്നതിന്ന് മുമ്പെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് എന്തിനെന്നറിയാതെ ഞാനെന്റെ മുഖം പില്ലോയിലമര്‍ത്തി.

തേങ്ങാചോറിന്റെ മുന്നില്‍ മനസ്സിനെ കൊണ്ടിരുത്തി ഞാന്‍ വീണ്ടും മയങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്റെ മനസ്സിനെ പിടിച്ച് വലിച്ച് കൊണ്ട് അവരെന്റെ കാതില്‍ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നപ്പോഴും.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

എല്ലാ വായനക്കാര്‍ക്കും എന്റെയും കുടുംബത്തിന്റെയും ചെറിയ പെരുന്നാള്‍ ആശംസകള്‍.

2008, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

' ചിരിപ്പിച്ചതും പോക്രോം കരയിച്ചതും പോക്രോം..!! '

ചാറ്റല്‍ മഴയിലൊതുങ്ങിയ പെരുമഴക്കാലം!. നാല് കൊല്ലത്തെ പ്രവാസത്തിന്ന് ശേഷം സ്വദേശത്തേക്ക് തിരിക്കുകയാണ്. കൂടെ ഇക്കയുടെ ബോസും പത്നിയുമുണ്ട്.
മക്കളില്ലാത്ത ബോസിന്നും പത്നി ഉനൈസക്കും എന്റെ മക്കളും ഞാനും വലിയ ആശ്വാസമായിരുന്നു. ഒഴിവ് സമയങ്ങളില്‍ വിരസതയകറ്റാന്‍ ഉനൈസയായിരുന്നു എനിക്ക് കൂട്ട്. അവള്‍ക്കും അങ്ങിനെ തന്നെ.
വില്ലയുടെ മുറ്റത്ത് തെന്നിവീണ്‍ നട്ടെല്ലിന്ന് സാരമായ പരിക്കേറ്റിരുന്ന ബോസ് ചികിത്സാര്‍ത്ഥമാണ്‍ കേരളത്തിലേക്ക് വരുന്നത്.
ദ്വിഭാഷിയായ എന്റെ ഹസ്സിന്റെ പ്രേരണയാലാണ്‍ നടുവേദനവിട്ട് മാറാത്ത ബോസ് കോട്ടക്കലെ ആയൂര്‍വേദം തന്നെ തിരഞ്ഞെടുക്കാന്‍ കാരണം.

നേരത്തെ നിശ്ചയിച്ചപ്രകാരം കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഞങ്ങള്‍ ആദ്യം പോയത് ഇക്കയുടെ വീട്ടിലേക്കായിരുന്നു. അവിടെ എന്റെ എല്ലാമായിരുന്ന മുത്തശ്ശിയെ മുന്നില്‍ കണ്ടപ്പോള്‍ ഞാനെല്ലാംമറന്നു.
ഉനൈസ എന്ന അതിഥി എന്റെ കൂടെയുണ്ടെന്ന ചിന്തപോലും മാഞ്ഞ് പോകുന്നതരത്തിലുള്ളതായിരുന്നു ആ കൂടിക്കാഴ്ച.
കുഴിഞ്ഞകണ്ണുകളില്‍നിന്നൊഴുകിയെത്തിയ കണ്ണീര്‍തുള്ളികളെന്റെ കഴുത്തിലൂടെ ചാലിട്ടൊഴുകിയ കുഞ്ഞു നിമിഷങ്ങള്‍ ചുണ്ടുകളെ വിറപ്പിച്ചു. കണ്‍‌ഠം ഇടറിയ ശബ്ദങ്ങള്‍ ആശ്വാസ വചനങ്ങളെ തടസ്സപ്പെടുത്തിക്കൊണ്ടേയിരുന്നു. കെട്ടിപ്പിടുത്തത്തിന്റെ ദൈര്‍ഗ്‌ഘ്യം കൂടുന്നതിനാലാവണം ഉമ്മ ഇടക്ക് കയറി ഇടപെട്ടു. നനഞ്ഞ് കുതിര്‍ന്ന കവിളുകള്‍ കാണാതിരിക്കാന്‍ ഞാനെന്റെ തട്ടത്തെ ആശ്രയിച്ചെങ്കിലും ശബ്ദത്തെ പിടിച്ച് നിര്‍ത്താനെനിക്കായില്ല. ഗദ്ഗദം നിറഞ്ഞ തേങ്ങലുകള്‍ കരച്ചിലായി പുറത്തേക്കൊഴുകിയപ്പോള്‍ ഞാനൊരു കൊച്ചുകുട്ടിയായി മാറുകയായിരുന്നു.

ഞാനില്ലാത്ത ഒരുദിവസവും മുറുക്കാന്‍ ചെല്ലമില്ലാത്ത മുത്തശ്ശിയും ഒരുപോലെയാണെന്നാണ്‍ വീട്ടിലുള്ളവരൊക്കെ പറയുക. കളിക്കൂട്ട് കാരികളെപ്പോലെ കുസൃതികളൊപ്പിച്ച് പാറിനടന്നിരുന്ന ഞങ്ങളുടെ ബന്ധം അത്രമാത്രം ആഴത്തിലുള്ളതായിരുന്നു. വിവാഹജീവിതത്തിലേക്കെന്നെ പറിച്ച് നടുന്നതിന്ന് മുമ്പ് ഒരു യാത്ര എനിക്കുണ്ടാകുമായിരുന്നെങ്കില്‍ അതെന്റെ മുത്തശ്ശിയുടെ കൂടെയായിരിക്കും. മുത്തശ്ശിക്കും അങ്ങിനെതന്നെ.
വിക്രമാദിത്യരാജാവിന്റെ തോളില്‍ തൂങ്ങിയ വേതാളത്തെ അനുസ്മരിപ്പിക്കുമാറായിരുന്നു ഞങ്ങളുടെ സഞ്ചാരം. വെള്ളക്കാച്ചിയുടുത്ത് എന്റെ കൂടെ കള്ളി ചാടിക്കളിച്ച് കാലുളിക്കിയതൊക്കെ ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. അങ്ങിനെ കളിച്ചും ചിരിച്ചും കിള്ളിയും നടന്ന നല്ലകാലത്തിന്റെ അവസാനമായാണ്‍ മുത്തശ്ശി എന്റെ വിവാഹത്തെ കണ്ടത്. എങ്കിലും എന്നെ ആശീര്‍വദിച്ചയക്കാന്‍ മുന്നില്‍തന്നെ ഉണ്ടായിരുന്നു.
എനിക്ക് ഓര്‍മവെച്ച നാള്‍ മുതലെ മുത്തശ്ശി ഏകയാണ്‍ . രാത്രിയുടെ അരനാഴിക പിന്നിടുമ്പോള്‍ മുത്തച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ കെട്ടഴിക്കുന്ന മുത്തശ്ശിയുടെ വെളുത്ത് ചുക്കിച്ചുളുങ്ങിയ മുഖമപ്പോള്‍ തടിച്ച് കൊഴുക്കുന്നത് കാണാം കണ്ണുകളിലെ തിളക്കം മണ്മറഞ്ഞ സുല്‍ത്താനെ നേരില്‍ കാണുന്നപോലെയായിരിക്കും.
എന്റെ വരവോടെ മനം മടുത്ത് കഴിഞ്ഞിരുന്ന മുത്തശ്ശി ഊര്‍ജ്‌ജസ്വലതയായി
പരിഭവങ്ങള്‍ പങ്ക് വെച്ച് കൊണ്ടിരിക്കെ
അല്പനേരത്തെ വിശ്രമവും കഴിഞ്ഞ് ഇക്കയും ബോസും കോട്ടക്കല്‍ ലക്ഷ്യമാക്കി നീങ്ങി.
വീട്ട് മുറ്റത്തും പരിസരത്തുമായി തലയില്‍ വട്ട്‌വെച്ച അറബിയെകാണാനായി തടിച്ച് കൂടിയ അയല്‌വാസികളോരാന്നായി പിരിഞ്ഞ് തുടങ്ങി.
മലയാളമറിയാത്ത ഉനൈസ അറബിച്ചിരിയുമായി എന്റെ പിന്നാലെതന്നെയുണ്ട്.

ഏസി ഇല്ലാത്ത ടെറസിന്റെ വിങ്ങല്‍ ഉനൈസയെ അസ്വസ്ഥയാക്കുന്നതിനാല്‍ ഞാന്‍ അവളേയും കൊണ്ട് പച്ചപുതച്ചിരിക്കുന്ന ഞങ്ങളുടെ വയലിലേക്ക് നീങ്ങി. കൂടെ എന്റെ കൈപിടിച്ച് കൊണ്ട് മുത്തശ്ശിയും .
നെല്‍‌വയലുകളില്‍ പാകമായ കതിരുകള്‍ കണ്ട ഉനൈസക്ക് അത്ഭുതമായിരുന്നു. കുലച്ച് നില്‍ക്കുന്ന വാഴകളും പച്ചക്കറികളും അടുത്ത്കണ്ടപ്പോള്‍ വിസ്മയത്തോടെ നോക്കുന്നുണ്ടായിരുന്നു അവള്‍ . തവളകളുടെയും ചെറുപ്രാണികളുടെയും സംഗമസ്ഥലമാണിതെന്നറിഞ്ഞപ്പോള്‍ ജീവനുള്ള ഫ്രോഗിനെ കാണാനുള്ളമോഹം ഉനൈസ മറച്ച് വെച്ചില്ല ഞാനെന്റെ കാല്‍കൊണ്ട് പുല്ലുകള്‍ വകഞ്ഞ് മുന്നോട്ട് നടന്നു. ഒരു ഫ്രോഗിനെയെങ്കിലും കണ്ട് കിട്ടിയിരുന്നെങ്കില്‍..!
പെട്ടെന്നായിരുന്നു എനിക്ക് പ്രതീക്ഷതന്ന് കൊണ്ട് പോക്രോം പോക്രോം ശബ്ദംകേട്ടത് ഞാന്‍ ആകാംക്ഷയോടെ ഉനൈസയുടെ മുഖത്തേക്ക് നോക്കി. മൊബൈല്‍ ഉയര്‍ത്തിപ്പിടിച്ച് ചിരിക്കുകയാണവള്‍. ശബ്ദത്തിന്റെ ഉറവിടം എനിക്ക് മനസ്സിലായെങ്കിലും മുത്തശ്ശി തവളാച്ചിയെ തിരയുന്നതിരക്കിലാണ്‍. കയ്യിലുള്ള വാക്കിംസ്റ്റിക്ക് കൊണ്ട് പുല്‍കൊടികള്‍ തട്ടിക്കൊണ്ടിരിക്കുകയാണവര്‍.
ഉനൈസയുടെ മൊബൈലില്‍ നിന്ന് പോക്രോം ശബ്ദം നിലച്ചതോടെ കാതില്‍ കൊതുക് കിന്നാരം പറയാന്‍ തുടങ്ങി.
വെളുത്ത് തടിച്ച ഉനൈസയുടെ കൈതണ്ടയിലും മുഖത്തുമൊക്കെ കൊതുക് സമ്മാനിച്ച ചുവന്നമുത്തുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു.
മുത്തശ്ശിയുടെ കൂടെ ഉമ്മറത്തെ ചാരുകസാലയിരുന്ന് കൊസ്രാകൊള്ളിയാവുമ്പോഴും പോക്കാച്ചിത്തവളയുടെ പോക്രോം ശബ്ദം ശ്രവിക്കാനായി ഞാന്‍ കാത് കൂര്‍പ്പിച്ചു. കൂടെയിരിക്കുന്ന ഉനൈസക്ക് മഴയെ വരവേല്‍ക്കുന്ന ഫ്രോഗ് ഗീതം കേള്‍ക്കാന്‍ അവസരമൊരുക്കാന്‍ ഞാനൊരുപാട്കാത്തു. മഴ തിമര്‍ത്ത് പെയ്യുകയാണ്‍ എന്നിട്ടും കൊതുകിന്റെ അസഹ്യമായ ശ്ര്ങ്കാരമല്ലാതെ ഒരു ചീവീട് പോലും കരയുന്ന ശബ്ദം കേള്‍ക്കാന്‍ എനിക്കായില്ല. മഴത്തുള്ളികളെ തലോടിക്കൊണ്ടോടിയെത്തിയ ചെറുകാറ്റില്‍ പറന്നെത്തിയ ശീതലിന്റെ കുളിരാസ്വദിക്കുന്ന ഉനൈസ ഫ്രോഗിന്റെ കാര്യം ചോദിക്കാഞ്ഞത് ഭാഗ്യമായിട്ടാണ്‍ ഞാന്‍ കരുതിയത്.
അത്താഴത്തിന്‍ അലീസ വിളമ്പിയെങ്കിലും മുത്തശ്ശിക്കുണ്ടാക്കിയ പൊടിഅരിക്കഞ്ഞിയായിരുന്നു ഉനൈസക്കിഷ്ടമായത്. കേരള ശുറുബ എന്നും പറഞ്ഞ് മൊത്തിക്കുടിച്ച പൊടിഅരിക്കഞ്ഞിയുടെ കൂട്ട് അല്പം ജീരകമിട്ട് തന്നെ ഞാന്‍ പറഞ്ഞു‌കൊടുത്തു.
ഭക്ഷണവുംകഴിഞ്ഞ് ഉറക്കത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന എനിക്ക് മുത്തശ്ശിയുടെ കൂടെ കിടക്കാനായിരുന്നു താല്പര്യം. പക്ഷെ ഉനൈസയെ ഒറ്റക്കാക്കി വാതിലടക്കാന്‍ മനസ്സ് വന്നില്ല. ഞങ്ങളൊരുമിച്ച് തന്നെ കിടന്നു.

പെരുമഴക്കാലമായിട്ടും വിരുന്ന് കാരിയായി മാത്രം വന്നിരുന്ന ചാറ്റല്‍മഴ അന്ന് പക്ഷെ തുള്ളിതോരാതെ പെയ്ത് കൊണ്ടിരുന്നു. മഴയുടെ താളത്തില്‍ ലയിച്ച് കുളിരണിഞ്ഞപ്പോള്‍ ഉറക്കം കണ്ണുകളെ തലോടി. കമ്പിളിക്കുള്ളില്‍ മുഖം‌പൂഴ്ത്തി ഉറങ്ങാന്‍ തുടങ്ങിയതെയുള്ളു ഞാന്‍.

അപ്പോഴാണ്‍ ഉനൈസ ചാടി എണീറ്റ് എന്നെ വിളിക്കുന്നത്.
‘റൂമീ..റൂമീ..’
ആകാംക്ഷയോടെയുള്ള ഉനൈസയുടെ വിളികേട്ട് ഞാനും ചാടി എണീറ്റു.
ഉനൈസ ചെവിവട്ടം പിടിച്ച് റൂമിനുള്ളില്‍ തന്റെ വട്ടക്കണ്ണുകള്‍ വെട്ടിച്ച് കൊണ്ടിരിക്കുകയാണ്.
എന്റെള്ളോ...,
ഈ കുട്ടീന്റെ മേത്ത് ജിന്ന് കയറിയോ..!?
ഞാന്‍ പേടിച്ച് വിളറിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ കൈതണ്ടയില്‍ പിടിച്ചവള്‍ എണീറ്റ് നിന്നു. എന്തിന്റെ പുറപ്പാടാണെന്നറിയാതെ ഞാനും യാന്ത്രികമായി അവള്‍‌കൊപ്പം നിന്നു.
ഫ്രോഗ്..ഫ്രോഗ്..!!
അവള്‍ പുലമ്പിക്കൊണ്ടിരിക്കുകയാണ്‍.
ഞാന്‍ എന്റെ കണ്ണുംകാതും കൂര്‍പ്പിച്ചു വട്ടം പിടിച്ചു.
മുറിക്കകത്തേക്ക് നേര്‍ത്ത ഒരു ശബ്ദം താളാത്മകമായി ഒഴുകി വരുന്നത് എന്റെ കാതില്‍ പതിഞ്ഞു

ഹാവൂ… സമാധാനമായി.
ജിന്നും ശൈത്താനൊന്നും കയറിയതല്ല.
പുറത്ത് നിന്ന് ഫ്രോഗ് പോക്രോം പോക്രോം കരയുകയാണ്‍.
ഫ്രോഗിന്റെ വരവും പ്രതീക്ഷിച്ച് കിടന്നുറങ്ങിയതാവും ഉനൈസ പരിഭ്രമിക്കാന്‍ കാരണമായത് .
ഞാനവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു . പുറത്ത് നിന്ന് ഫ്രോഗ് കരയുന്ന ശബ്ദമാണെന്ന് പറഞ്ഞെങ്കിലും അവള്‍ സമ്മതിച്ചില്ല. ഫ്രോഗ് അകത്ത് തന്നെ ഉണ്ടെന്നവാദത്തില്‍ ഉറച്ച് നിന്നവള്‍ .
ഗത്യന്തരമില്ലതെ റൂമിലൊളിച്ചിരിക്കുന്ന ഫ്രോഗിനെ കണ്ടെത്താന്‍ തീരുമാനിച്ച ഞങ്ങള്‍
ശബ്ദം ഒഴുകിവരുന്ന ദിശയിലേക്ക് പമ്മിപ്പതുങ്ങി എത്തിച്ചേര്‍ന്നത് മുത്തശ്ശിയുടെ റൂമിലേക്കായിരുന്നു.
മൂടിപ്പുതച്ച് സുഖമായി ഉറങ്ങുകയാണ്‍ മുത്തശ്ശി.
ഞങ്ങള്‍ റൂമിലേക്ക് കടന്നതും ഫ്രോഗ് ക്രോം ശബ്ദം നിറുത്തിയതും ഒരുമിച്ചായിരുന്നു. മുത്തശ്ശിയുടെ സുഖനിദ്രക്ക് ഭംഗം വരുത്താതെ ഞാന്‍ കട്ടിലിന്നടിയിലും റൂമിന്റെ
മൂലയിലുമൊക്കെ ഫ്രോഗിനെ തിരഞ്ഞു. പക്ഷെ കണ്ടെത്താനായില്ല. ഉറക്കം നഷ്ടപ്പെടുത്തിയ ഫ്രോഗിനെ ശപിച്ച്
ഞങ്ങള്‍ റൂമിലേക്ക് തിരിക്കാനിരിക്കെയാണ്‍ ഫ്രോഗ് വീണ്ടും പോക്രോം പറഞ്ഞത് .
ശ്ശെടാ.. ഇവനെ പിടികൂടിയിട്ട് തന്നെകാര്യം . ഞാന്‍ അരയും തലയും മുറുക്കി റൂമിന്റെ മൂലയിലിരിക്കുന്ന മുത്തശ്ശിയുടെ വാക്കിംഗ് സ്റ്റിക്കും കയ്യിലെടുത്ത് കട്ടിലിന്നടുത്തേക്ക് നടന്നു.
ഉനൈസ എനിക്ക് ധൈര്യമേകി പിന്നാലെയുണ്ട്. കട്ടിലിന്നടിയിലേക്ക് എത്തിനോക്കാനായി ഞാന്‍ നിലത്തിരുന്നതെയുള്ളൂ.
വീണ്ടും ഫ്രോഗിന്റെ ശബ്ദം..!
ഇത്തവണ കട്ടിലില്‍ നിന്നാണല്ലോ..!!
ഞാന്‍ ചാടി എണീറ്റു കട്ടിലിലേക്ക് സൂക്ഷിച്ച് നോക്കി.
അതെ മുത്തശ്ശിയുടെ പുതപ്പിനുള്ളില്‍ നിന്ന് തന്നെ.. പതുക്കെ പുതപ്പുമാറ്റി മുത്തശ്ശിയെ സൂക്ഷിച്ച് നോക്കി.
പാവം.!
ങ്രോക്രോം ങ്രോക്രോം ശബ്ദത്തില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്‍ .
കട്ടിലില്‍കിടക്കുന്ന വലിയ ഫ്രോഗിനെകണ്ട് ഞങ്ങളിരുവരും ചിരിയുടെ മാലപ്പടക്കത്തിന്ന് തീകൊളുത്തിയപ്പോള്‍ മുത്തശ്ശിയും ചാടി എണീറ്റ് കാര്യമെന്തന്നറിയാതെ കൂടെ ചിരിച്ചു..
ചിരിയുടെ മാലപ്പടക്കം പൊട്ടുന്നത് കേട്ട് വീട്ടിലുള്ള എല്ലാവരും എണീറ്റ് വന്ന് കാര്യം തിരക്കി. കാര്യമറിഞ്ഞപ്പോള്‍ അണയാറായിരുന്ന
ചിരിയുടെ മാലപ്പടക്കം അമിട്ട് ശബ്ദത്തില്‍ തന്നെ പൊട്ടി.
ചിരിച്ച് തളര്‍ന്ന ഞങ്ങളൊക്കെ ചിരി നിര്‍ത്തിയെങ്കിലും മുത്തശ്ശി ചിരി നിര്‍ത്തിയില്ല. പരിഭ്രമത്തോടെ മുത്തശ്ശിയെ കുലിക്കിവിളിച്ചപ്പോഴും മുത്തശ്ശി ചിരിച്ച് കൊണ്ടേയിരിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു.
പെരുമഴക്കാലവും പോക്കാച്ചിതവളകളും കാട്‌തേടി നാട് നീങ്ങിയിട്ടും മുത്തശ്ശിയുടെ ചിരിക്ക് മാത്രം കുറവുണ്ടായില്ല.
ചിങ്ങമാസത്തിലെ നിലാവ് പെയ്യുന്ന കരണ്ടില്ലാത്ത രാത്രി!.
ഉരുകിത്തീറായ മെഴുകിതിരിയില്‍ ചെറുപ്രാണികള്‍ വട്ടമിട്ട് പറക്കുന്നതും നോക്കി ഞാന്‍ ഉറങ്ങാതെ കിടന്നു. പ്രകാശം പരത്തിയ മെഴുക് തിരിനാളത്തെ തല്ലിക്കെടുത്തി മൂളിപ്പറന്ന കരിവണ്ടിനൊപ്പം ഇരുട്ട് മൂടിയ മുറിക്കുള്ളില്‍ ദിശയറിയാതെ പാറിപ്പറന്ന ചെറുപ്രാണികളെന്നെ അസ്വസ്ഥയാക്കിക്കൊണ്ടിരിക്കുമ്പോഴാണ്‍ മുത്തശ്ശിയുടെ
റൂമില്‍ നിന്ന് ങ്രോക്രോം ശബ്ദം കേട്ടത് . പവര്‍കട്ടിനെയും ശപിച്ച് കൊണ്ട് തപ്പിത്തടഞ്ഞ് മുത്തശ്ശിയുടെ അടുത്തെത്തിയപ്പോഴേക്കും ആ ശബ്ദം നിലച്ചിരുന്നു.
കട്ടിലില്‍ വിറങ്ങലിച്ച് കിടന്ന് എന്നെ നോക്കിചിരിക്കുന്ന മുത്തശ്സിയുടെ ചേതനയറ്റ ശരീരം കണ്ട് തളര്‍ന്നിരിക്കുമ്പോഴും നാട്‌വിട്ടോടാന്‍ മടിച്ച ഒരു പോക്കാച്ചിത്തവള പോക്രോം പോക്രോം കരഞ്ഞ് കൊണ്ട് റൂമിലെവിടെയോ പതുങ്ങിയിരിപ്പുണ്ടായിരുന്നു.


2008, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

‘ഒടുക്കത്തെഡ്രൈവര് ’

ഡ്രൈവ് ചെയ്യുകാ എന്നത് എന്റെ അന്ത്യാഭിലാഷം പോലെയാണ് മനസ്സില്‍ കൊണ്ട് നടന്നത്. കയറുന്ന വാഹനത്തിലെ എല്ലാചലനങ്ങളും സൂഷ്മനിരീക്ഷണത്തിന്ന് വിധേയമാക്കുക എന്റെ ഒരു ഹോബിയായി മാറിയത് ഞാന്‍ പോലും അറിയാതെയാണ്.
എന്നെങ്കിലുമൊരിക്കല്‍ വളയം പിടിക്കാമെന്ന കൊച്ചു സ്വപ്നവുമായി നടക്കുന്ന കാലത്താണ് എന്നെ മാരുതി 800 മായിവന്ന ഒരുത്തന്‍ വലയിലാക്കിയത്. ചെക്കന്റെ ചൊങ്ക് നോക്കുന്നതിലേറെ ഞാന്‍ ശ്രദ്ധിച്ചതും വിലയിരുത്തിയതും ഇളം പച്ച നിറത്തിലുള്ള മാരുതി800റിലേക്കായിരുന്നു.
അത്കൊണ്ട്തന്നെ ആദ്യമായി ആവശ്യപ്പെട്ടതും ഡ്രൈവിംഗ് പഠിപ്പിച്ച് തരുമോ എന്ന ഒറ്റകാര്യം മാത്രം!. മധുവിധുവിന്റെ ചൂടാറും മുമ്പ് തന്നെ എന്റെ മോഹം ഞാന്‍ സാദിച്ചെടുത്തു.
ഇരുളിന്റെ മറവിലായിരുന്നു ഞാന്‍ ഏറെയും ഡ്രൈവ് ചെയ്തിരുന്നത്. പകല്‍ സമയത്ത് റോഡിന്റെ തിരക്ക് കാരണം പുത്തന്‍ പെണ്ണിന് ആരാ വണ്ടി തരിക ...
എങ്കിലും ചിലപ്പോഴൊക്കെ അമ്മോച്ഛന്റെ കണ്ണ് വെട്ടിച്ച് ഞാന്‍ ചുറ്റുവട്ടങ്ങളില്‍ വണ്ടിയുമായി പോകാറുണ്ട്. ലൈസന്‍സ് ഇല്ലാത്തതിനാല്‍ മെയിന്‍ റോഡിലേക്ക് അപൂര്‍വ്വമായെ പോകാറുള്ളൂ..
ഒളിഞ്ഞും പതുങ്ങിയും വണ്ടിയോടിച്ച് കൊണ്ടിരുന്ന ഞാന്‍ ഇക്കയെ പാട്ടിലാക്കി റോഡിലേക്കും വണ്ടിയിറക്കിത്തുടങ്ങി.
അങ്ങിനെ ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ വനിതാഡ്രൈവറെന്ന പേര്‍ ഞാന്‍ സ്വന്തമാക്കി.
എന്നാല്‍ ഈ സല്‍‌പേര് അധികനാള്‍ എനിക്ക് നിലനിര്‍ത്താനായില്ല.
അങ്ങാടിയിലെ ഉപ്പ് മഞ്ചയിലിരുന്ന് ഏഷണിപറയുന്ന ഒരുകൂട്ടത്തിന്റെ കണ്മുന്നിലൂടെ എയര്‍ഹോണ്മുഴക്കി കത്തിച്ച് വിട്ടതോടെ എന്റെ ഡ്രൈവിങ്ങിന്ന് ക്ലിപ്പ് വീണു.
പിന്നെ എനിക്ക് ഡ്രൈവിംഗ് ഒരു കാഴ്ചമാത്രമായി മാറി.

മാസങ്ങള്‍ കഴിഞ്ഞു.

ഒരു മഞ്ഞ് കാലം. മരം കോച്ചുന്ന തണുപ്പുള്ള രാവുകള്‍ .
അതിലൊരു തിങ്കളാഴ്ചരാവിലായിരുന്നു നാലഞ്ച് കിലോമീറ്റര്‍ അപ്പുറത്തുള്ള എന്റെ നാത്തൂന് പുതിയ വീട്ടില്‍ താമസം തുടങ്ങാനുറപ്പിച്ചത്.
മലപ്പുറം ജില്ലയിലൊക്കെ സൂര്യന്‍ ഉദിക്കുന്നതിന്ന് അല്പം മുമ്പ് (സുബ്‌ഹി നമസ്കാരാനന്തരം) ആണ് വീട്ടിലേക്ക് കയറലെന്ന ചടങ്ങ് നിര്‍വഹിക്കല്‍.
ഇത്തരം ആചാരങ്ങളോട് എന്റെ ഹസ്സിന്ന് വലിയ താല്പര്യമില്ലാത്തതിനാല്‍ അങ്ങേര് ഉറക്കൊഴിച്ചൊന്നും ഈവകകാര്യങ്ങള്‍ക്ക് പോകാറില്ല. ആദര്‍ശം തലയില്‍ കയറിയത് കൊണ്ടൊന്നുമല്ല അങ്ങേര്‍ ഈ മാമൂലുകള്‍കൊന്നും പോകാത്തത്, കീശകാലിയാകുമെന്ന് കരുതിയാണെന്നത് എനിക്ക് മാത്രം അറിയാവുന്ന രഹസ്യം.
അത് കൊണ്ട്തന്നെ അന്നേദിവസം പുരയില്‍ കൂടാന്‍ ഞങ്ങള്‍ക്ക് പോകാന്‍ വണ്ടി വീട്ടുമുറ്റത്തുണ്ട്. പക്ഷെ ഡ്രൈവറില്ല. മരം കോച്ചുന്നതണുപ്പായതിനാല്‍ അമ്മാച്ചന് മസില് കയറും. അത്കൊണ്ട് തണുപ്പുകാലത്ത് പുള്ളിക്കാരന്‍ ഡ്രൈവ് ചെയ്യില്ല. ഇക്കയോട് അത് വരെ കൊണ്ടാക്കിത്തരാന്‍ പറഞ്ഞാല്‍ പിന്നെ ആദര്‍ശപ്രസംഗം തുടരും . കേട്ടുമടുത്ത വാചകക്കസര്‍ത്ത് കേള്‍ക്കുന്നതിലേറെ പോകാതിരിക്കാലാണ് നല്ലതെന്ന് അമ്മായിമ്മയുടെ പക്ഷം.
എന്നാലും പോകാതിരിക്കലെങ്ങിനെ...
ആദ്യമായിട്ടാണ് മക്കളിലൊരാള്‍ വീട് കൂടുന്നത്.
ഇന്നലതന്നെ പോകേണ്ടതാ...
കുറുക്കന്മാരുടെ ശല്യം കാരണം അമ്മായിമ്മ എവിടെയും അന്തിയുറങ്ങാറില്ല. ആറ്റ് നോറ്റ് വളര്‍ത്തുന്ന കുറെ കോഴികളും താറാവും മുയലുകളുമൊക്കെയുണ്ടവര്‍ക്ക്. അതീങ്ങളെയൊക്കെ ആരെങ്കിലുമൊക്കെ കൂട്ടിലടക്കേണ്ടെ. ഈ വറ്റകള്‍ക്കാണെങ്കില്‍ എന്നെ കണ്ണെടുത്താല്‍ കണ്ടുകൂടതാനും . എന്റെ തലകണ്ടാല്‍ തൊട്ടടുത്തുള്ള ഓര്‍ക്കാപുളിമരത്തില്‍ ഓര്‍ത്തിരിക്കുന്ന ഈ സാധനങ്ങളെ എനിക്കും കണ്ടുകൂടാ..
അടുക്കളയിലും കോലായിലും കൊക്കി നടക്കുന്ന ഇവയെ അമ്മിത്തറയില്‍ ഭദ്രമായി സൂക്ഷിച്ച അമ്മായിമ്മയുടെ ചെരിപ്പെടുത്ത് തന്നെ എറിഞ്ഞോടിക്കാറുണ്ട് ഞാന്‍.
ഏതായാലും അന്നാദ്യമായി അമ്മാച്ഛന്‍ എന്റെ കയ്യില്‍ കാറിന്റെ കീ തന്നു.
ഹോ.. ഞാനൊരുദിവസം ഇക്കയുടെ കൂടെ അങ്ങാടിയിലൂടെ ഡ്രൈവ് ചെയ്തത് പീടികത്തിണ്ണയിലെ ഉപ്പ് പെട്ടിയിലിരിന്ന് ഏഷണി പറയുന്ന സോഡാകുപ്പി കുഞ്ഞായീന്റെ വാക്ക് കേട്ട് അമ്മാച്ഛന്‍ ഉണ്ടാക്കിയപുകില്‍.. ന്റമ്മോ...ഓര്‍ക്കാനും കൂടി വയ്യ.
ഇപ്പോ അതൊക്കെ മറന്നു.
അത്യാവശ്യം വന്നപ്പോ എന്നെ വേണം
ഡ്രൈവിങ്ങ് അറിയാമെന്ന് സമ്മതിച്ചല്ലോ...
ഹാവൂ ..
അല്പം അഹങ്കാരം... എന്നുള്ളില്‍ മുളച്ച്‌വരുന്നത് എനിക്ക് തന്നെ സ്വയം വിലയിരുത്താനായത് കൊണ്ട് ഞാനത് പുറത്ത് കാണിച്ചില്ല.
പുലര്‍കാല നാല് മണിക്ക് ഞങ്ങളെല്ലാവരും വണ്ടിയില്‍ കയറി ഇരുന്നു. ഞാന്‍ ഗമയൊമൊട്ടും ചോരാതെ ഡ്രൈവിംഗ് സീറ്റിലും.
ആളുമാറി സ്റ്റെയറിംങ് പിടിച്ചതിനാലാവുമോ എന്നറിയില്ല വണ്ടി സ്റ്റാര്‍ട്ടാകുന്നില്ല. തികഞ്ഞ ഒരു ഡ്രൈവറെപ്പോലെ ഞാന്‍ ബോണറ്റ് തുറന്ന് ബാറ്ററിയുടെ കണക്ഷനൊക്കെ ഒന്നിളക്കി.
അറിഞ്ഞിട്ടല്ല,
ഇക്ക ഇടക്കൊക്കെ ഇങ്ങിനെ കാണിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത്കൊണ്ട് ചെയ്തെന്ന് മാത്രം.
ഞാനെന്ത് ചെയ്തിട്ടും വണ്ടി സ്റ്റാര്‍ട്ടാകുന്നില്ല.
അവസാനം തള്ളാന്‍ തന്നെ തീരുമാനിച്ചു. വണ്ടി ഫസ്റ്റ്ഗീയറിലാക്കി ഞാന്‍ ക്ലച്ചില്‍ അമര്‍ത്തിച്ചവിട്ടിയിരുന്നു. അമ്മായിമ്മയും അമ്മോച്ഛനും എന്നെയുമിരുത്തി വണ്ടിതള്ളുന്നത് അല്പം ആസ്വദിച്ചു ഞാന്‍.
സൈഡ് മിറ റിലൂടെ അവരുടെ മസില്പിടിച്ച മുഖം നോക്കിയിരിക്കുന്നതിന്നിടയില്‍ ഞാന്‍ പോലുമറിയാതെ എന്റെ കാല്‍ ക്ലച്ചില്‍ നിന്നയഞ്ഞു.
പിന്നെ എന്താണ് സംഭവിച്ചതെന്നറിയാന്‍ എനിക്ക് സമയം കിട്ടിയില്ല .
വണ്ടിയുടെ ബോണറ്റിലേക്ക് മൂന്ന് ഉണങ്ങിയ തേങ്ങവീഴുന്നത് അവ്യക്തമായി ഞാന്‍ കണ്ടു. പിന്നെ ശീല്കാര ശബ്ദത്തോടെ ഉണങ്ങിയ ഒരു ഓലവീഴുന്ന ശബ്ദവും.

മുഖത്ത് ആശ്വസത്തിന്റെ ഇളം കാറ്റ് പാറിപ്പറക്കുന്നതറിഞ്ഞാണ് ഞാന്‍ കണ്ണ് തുറന്നത്. കണ്ണ്ന് മീതെ വൃത്താകൃതിയിലുള്ള ഒരു നിഴല്‍ ചാഞ്ചാടിക്കളിക്കുന്നു. ഭയത്തോടെ ഞാന്‍ മുഖം തിരിച്ചു കണ്ണുകള്‍ തിരുമ്മി ശ്രദ്ധിച്ച് നോക്കി.
പാവം അമ്മയിമ്മ ചുമരിലേക്ക് ചാരിയിരുന്ന് പാതിമയങ്ങുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് വിശറികൊണ്ട് എന്നെ വീശിക്കൊണ്ടിരിക്കുകയാണ് .
ബിരിയാണിയുടെ ഗന്ധം നാസിക തുളച്ച് കയറിയപ്പോഴാണ് ശരിക്കും കണ്ണ് തുറക്കാനായത് .
തെട്ടടുത്തുള്ള ബഞ്ചിലിരുന്നു ഇക്ക നാത്തൂന്റെ വീട്ടില്‍ നിന്നും കൊടുത്തയച്ച ബിരിയാണി വെട്ടി വിഴുങ്ങുന്നു..!ഞാന്‍ ഇക്കയെ ഉമ്മയറിയാതെ തോണ്ടി വിളിച്ചു.
ചെറുപുഞ്ചിരിയോടെ ഒരു കോഴിക്കാല്‍ എനിക്ക് നേരെനീട്ടി . മുഴുത്ത ഒരുകഷ്ണം കോഴിമാംസം എന്റെ വായിലിരുന്ന് ഞെരിയുമ്പോഴും പാവം ഇക്കയുടെ ഉമ്മ പാതിമയക്കത്തിലെന്നെ വീശുന്നുണ്ടായിരുന്നു.